സാഹിത്യമീമാംസ: അറിവുകൾ, ധാരണകൾ

വ്യത്യസ്തമായ ആഖ്യാനങ്ങൾ കാണുമ്പോൾ ഏതൊരാൾക്കും ചില ആശയക്കുഴപ്പങ്ങൾ ഉണ്ടാവുക സ്വാഭാവികമാണ്. ആഖ്യാനരൂപങ്ങളെ സംബന്ധിക്കുന്ന പാഠം അന്വേഷണാത്മകമായി വികസിച്ചുകൊണ്ടിരിക്കുന്ന ഒന്നാണ് എന്നതിൽ സംശയമില്ല. 
അതെങ്ങനെ മനസ്സിലാക്കാം.
നമുക്കു പരിശോധിക്കാം.
ബി.സി. 427-347ൽ ജീവിച്ചിരുന്ന പ്ലേറ്റോയിൽ നിന്നു തുടങ്ങേണ്ടിവരും.
കാരണമുണ്ട്. 
സോക്രട്ടീസായിരുന്നു ഇദ്ദേഹത്തിന്റെ ഗുരു. കവിയും നാടകകാരനുമായിരുന്ന പ്ലേറ്റോയെ തത്ത്വചിന്തയിലേക്കും രാഷ്ട്രമീമാംസയിലേക്കും കടത്തിവിടുന്നത് സോക്രട്ടീസാണ്. സോക്രട്ടീസിന്റെ അസാധാരണമായ ചിന്തകൾ പ്ലേറ്റോയെ സ്വാധീനിച്ചതിനാൽ ക്രമേണ കവിതയെ അദ്ദേഹം ഒഴിവാക്കുന്നു. എന്നാൽ അടിസ്ഥാനപരമായി കവിയായിരുന്ന അദ്ദേഹത്തിന്റെ ചിന്തകളിൽ ഈ കവിത്വം കാണാനാവും.
ഡയലോഗ് എന്നറിയപ്പെടുന്ന കൃതികൾ, കത്തുകൾ എന്നിവയാണ് അദ്ദേഹത്തിന്റെ സംഭാവനകൾ.
റിപ്പബ്ലിക്, ഇയോൺ എന്നീ കൃതികളിൽനിന്ന് പ്ലേറ്റോ എന്തായിരുന്നുവെന്ന് വായിച്ചെടുക്കാനാവും. സത്യത്തിന് മുൻതൂക്കം നല്കിയിരുന്ന പ്ലേറ്റോ സാഹിത്യത്തെ സംശയത്തോടെ നോക്കിക്കണ്ടു. കലയുടെയും സാഹിത്യത്തിന്റെയും മേഖലകളെ നിശിതമായ നോട്ടങ്ങളോടെ അദ്ദേഹം വിശദീകരിക്കാൻ ശ്രമിച്ചു. പ്ലേറ്റോയെ ഐഡിയലിസവുമായി ബന്ധപ്പെടുത്തിയാണ് കാണാനാവുക. ആശയത്തിന്റെ -ഐഡിയ- അനശ്വരതയെയും മൗലികതയെയും പ്ലേറ്റോ ശ്ലാഘിച്ചു. ലോകം പരിണമിച്ചുകൊണ്ടേയിരിക്കുന്നു. എന്നാൽ ആശയം നിത്യമാണ്. അതിന് മൂലരൂപത്തിൽനിന്ന് മാറ്റമില്ല. അതിന്റെ തുടർച്ചകളായിട്ടാണ് എല്ലാം ഉണ്ടാകുന്നത്. ഏതൊരു വസ്തു/സംഭവത്തിനും ഒരു മൂലരൂപമുണ്ടെന്നും അതിന് മാറ്റം സംഭവിക്കുന്നില്ലെന്നും അദ്ദേഹം വാദിച്ചു. 
അനുകരണം () എന്നതിനെ പ്ലേറ്റോയുമായി ബന്ധിച്ചുകൊണ്ടാണ് കേൾക്കാറ്. അനുകരണസിദ്ധാന്തം എന്നൊക്കെപ്പറയുമ്പോൾ ആകെപ്പാടെ ഒരാശയക്കുഴപ്പമാണ്. എന്താണ് അനുകരണമെന്നത്? എന്തിനെയും അനുകരിക്കുകയെന്നതാണോ ഇത്? തുടങ്ങിയ സംശയങ്ങൾ. 
യഥാർത്ഥത്തിൽ പ്ലേറ്റോ ഉദ്ദേശിച്ചതെന്തായിരിക്കും?!
കട്ടിലിനെ ഒരുദാഹരണമായി അദ്ദേഹം നിർദ്ദേശിക്കുന്നു. അതെങ്ങനെയെന്നു നോക്കാം.
സാധാരണഗതിയിൽ കണ്ണാടിയിൽ കാണുന്നതെല്ലാം പ്രതിഫലനമാണ്. യഥാർത്ഥരൂപത്തിന്റെ, ചുറ്റുപാടിന്റെ, നമ്മുടെതന്നെ പ്രതിഫലനം. അതിന് വസ്തുതയുമായി ബന്ധമുണ്ടാകുന്നത് പ്രതിഫലനത്തിലൂടെ മാത്രമാണ്. 
നേരത്തേ സൂചിപ്പിച്ച ഉദാഹരണത്തിലേക്കു വരികയാണെങ്കിൽ... കട്ടിലിനെ ഒരാശയമായി പ്ലേറ്റോ കാണുന്നു. ഈ ആശയത്തെ അനുകരിച്ചു കട്ടിൽ നിർമ്മിക്കുകയാണ് ആശാരി ചെയ്യുന്നത്. ചിത്രകാരനാവട്ടെ ഈ നിർമ്മിതിയെ അനുകരിക്കുകയും ചെയ്യുന്നു. യഥാർത്ഥ വസ്തുവിൽനിന്ന് വളരെ ദൂരെയാണ് ഈ അനുകരണത്തിന്റെ സ്ഥാനം.

Comments